Trending News

ലാലേട്ടൻ അങ്ങനെ പറഞ്ഞില്ലായിരുന്നു എങ്കിൽ പുലിമുരുകൻ ഉണ്ടാവില്ലായിരുന്നു; വൈശാഖ് പറയുന്നത് ഇങ്ങനെ..!!

മലയാള സിനിമയുടെ ചരിത്രത്താളിൽ എന്നും മായാത്ത ഒന്നായിരിക്കും പുലിമുരുകൻ എന്ന മോഹൻലാൽ നായകനായി വൈശാഖ് സംവിധാനം ചെയ്ത് ടോമിച്ചൻ മുളകുപാടം നിർമിച്ച ചിത്രം. മലയാളത്തിൽ ആദ്യ 100 കോടി നേട്ടം ബോക്സ് ഓഫീസിൽ നിന്നും ഉണ്ടാക്കിയ പുലിമുരുകൻ ഉണ്ടാവാൻ കാരണം മോഹൻലാൽ ആണെന്ന് സംവിധായകൻ വൈശാഖ് പറയുന്നു.

മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ. തിരക്കഥകൃത്ത് ഉദയേട്ടന്റെ നാട്ടിലെ വീരനായിരുന്നു പുലിമുരുകൻ. ആ കഥയിൽ എനിയ്ക്ക് ഏറെ കൗതുകം തോന്നി. ഈ കഥ താൻ ടോമിച്ചൻ മുളകപാടത്തിനോട് പറഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ ലാലേട്ടനെ കാണാമെന്ന് പറഞ്ഞു. രണ്ട് മാസം ചിത്രത്തിന്റെ സാധ്യതകളെ കുറിച്ച് പഠിച്ച ശേഷം ഞങ്ങൾ ലാലേട്ടനെ സമീപിക്കുകയായിരുന്നു. എന്നാൽ കഥ കേട്ടപ്പോൾ എങ്ങനെ ചിത്രീകരിക്കും എന്നതായിരുന്നു ലാലേട്ടന്റെ സംശയം.

എന്റെ കാര്യത്തില്‍ സംശയം വേണ്ട ഞാന്‍ റെഡി നിങ്ങള്‍ ഓക്കെയാകുന്ന സമയത്ത് നമുക്ക് ഷൂട്ട് തുടങ്ങാം എന്ന് ലാലേട്ടൻ പറഞ്ഞു. അതില്ലായിരുന്നെങ്കില്‍ പുലിമുരുകന്‍ എന്ന സിനിമ സംഭവിക്കില്ലായിരുന്നു വൈശാഖ് പറഞ്ഞു. ആക്ഷന് ഏറെ പ്രധാന്യമുളള ചിത്രമായിരുന്നു ഇത്. അതിനാൽ തന്നെ മികച്ചൊരു ആക്ഷൻ ഡയറക്ടർ ചിത്രത്തിന് വേണമായിരുന്നു. അതിന് വേണ്ടി ആരെ ചുമതലപ്പെടുത്തും എന്നതായി അടുത്ത ചര്‍ച്ച. അങ്ങനെയായിരുന്നു പീറ്റർ ഹെയ്നിനെ സമീപിക്കുന്നത്.

പുലിമുരുകന്‍ എന്ന സിനിമ അദ്ദേഹം ചലഞ്ചുപോലെയാണ് ഏറ്റെടുത്തത്. അതിന് വേണ്ടി നല്ല ഹോംവർക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ കാസ്റ്റിങ്ങ് ഏറെ പുതുമനിറഞ്ഞതായിരുന്നു. ഉദയേട്ടനാണ് ചിത്രത്തിൽ ഡാഡി ഗിരിജ എന്ന കഥാപാത്രത്തിലേയ്ക്ക് ജഗപതിബാബുവിനെ കണ്ടെത്തിയത്. ഞാന്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും കണ്ടിരുന്നില്ല.

വലിയ തിരക്കുണ്ടായിട്ടും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം എന്ന് കേട്ടപ്പോള്‍ എല്ലാ തിരക്കുകളും മാറ്റി ചിത്രത്തിലെത്തുകയായിരുന്നു. വില്ലനാകാന്‍ നാലുകോടി പ്രതിഫലം വാങ്ങുന്ന ജഗപതി ബാബു 15 ലക്ഷം രൂപയ്ക്കാണ് പുലിമുരുകനില്‍ അഭിനയിച്ചത്. ചിത്രത്തിൽ ലാലേട്ടന്റെ നായികയായി ആദ്യം അനുശ്രിയെയായിരുന്നു സമീപിച്ചത്. എന്നാൽ ഷൂട്ടിങ്ങടുത്തപ്പോള്‍ അവർ ആശുപത്രിയിലായി.

അങ്ങനെയാണ് കമാലിനി മുഖര്‍ജിയിലേക്ക് എത്തുന്നത്. 15 കോടിയോളം ചെലവഴിച്ച സിനിമയ്ക്ക് മുടക്കുമുതല്‍ ലഭിക്കുമോ എന്നായിരുന്നു എന്റെ ടെൻഷൻ. എന്നാൽ ലാഭമൊന്നും വേണ്ട മുടക്കുമുതലും ഒരുരൂപയും ലാഭം കിട്ടിയാല്‍ മതിയെന്ന് നിർമ്മാതാവ് ടോമിച്ചന്‍ പറഞ്ഞിരുന്നു. അത് എനിക്ക് ധൈര്യമായി. പിന്നീട് സംഭവിച്ചത് ചരിത്രം ആണെന്നും വൈശാഖ് പറയുന്നു.

About the author

Anu Mario