Box Office

കഥയാടാ ഹീറോ, അല്ലാതെ ഞാനും മോഹൻലാലൊന്നുമല്ല; മമ്മൂക്ക പറഞ്ഞ മറുപടി ഓർത്തെടുത്ത് ആന്റോ ജോസഫ്

വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സ്റ്റാൻഡ് അപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. രജിഷ വിജയൻ, നിമിഷ സജയൻ, അർജുൻ അശോകൻ, നായികനായകൻ ഫെയിം വെങ്കിടേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ട്രെയിലർ ലോഞ്ചിൽ മമ്മൂട്ടി അടക്കം നിരവധി പേർ പങ്കെടുത്തു.

രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിൽ പ്രധാനമായുള്ളത് എന്ന് പറഞ്ഞപ്പോൾ മമ്മൂട്ടി നൽകിയ മറുപടിയെക്കുറിച്ച് ആന്റോ ജോസഫ് പറഞ്ഞു. തന്റെ സിനിമാജീവിതത്തിൽ ഗുരുക്കൻമാരായി കാണുന്നവരാണ് മമ്മൂട്ടിയും രൺജി പണിക്കറും. ഈ സിനിമ ഏറ്റെടുക്കുന്നതിന് മുൻപ് അവരോട് സംസാരിച്ചിരുന്നു. ഹീറോയില്ല, രണ്ട് സ്ത്രീ കഥാപാത്രങ്ങളാണെന്നും പറഞ്ഞിരുന്നു. കഥയാടാ ഹീറോ, അത് നല്ലതാണെങ്കിൽ ചെയ്യൂ. അല്ലാതെ ഞാനും മോഹൻലാലൊന്നുമല്ല ഹീറോയെന്നായിരുന്നു മമ്മൂക്ക പറഞ്ഞ മറുപടി.

നടിമാരുടെ സംഘടനയായ ‘വിമൻ ഇൻ സിനിമ കളക്ടീവ്’യും(ഡബ്ല്യു.സി.സി) താരസംഘടനയായ ‘അമ്മ’യും ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു മമ്മൂട്ടി സംസാരിച്ചത്. ഇരു സംഘടനകളും മലയാള സിനിമയ്ക്കുവേണ്ടി ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രത്യക്ഷത്തിൽ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

About the author

Amith Sidhrth